2012, നവംബർ 4, ഞായറാഴ്‌ച

നദികള്‍ പിറക്കുന്നു



ചില നദികളോടുള്ള പ്രണയമങ്ങനെയാണ്...ആ പ്രണയം നദികളുടെ ആഴം കാട്ടി നമ്മെ ഭയപ്പെടുത്തും..അതുപോലെത്തന്നെ ആകര്‍ഷിക്കുകയും ചെയ്യും.പക്ഷെ അതിലേക്കെടുത്തുചാടി ആഴമളക്കാന്‍ ഞാനിതുവരെ മുതിര്‍ന്നിട്ടില്ല.
ഞാനിന്നൊരു നദിക്കരയിലാണ്.സാഗരം കണക്കെ നീലനിറമുള്ള നദിയുടെകരയില്‍...മനസ്സിന്‍റെ അഗാധതയാകും അവളെ കൃഷ്ണവര്‍ണ്ണയാക്കിയത്...ആകാശത്തിന്‍റെപ്രതിഫലനവുമാകാം.നിര്‍ന്നിമേഷനായി കുറേനേരം നോക്കിയപ്പോള്‍ അവളുടെ ആദ്യാന്തങ്ങള്‍ അറിയണമെന്ന് എനിക്കു തോന്നി..ഇടത്തോട്ടോ വലത്തോട്ടോ?അവസാനം ഒഴുക്കിന്‍റെ ദിശയില്‍ നടന്നു..അതായിരുന്നല്ലോ എളുപ്പവും...
പതിയെ അവള്‍ക്കു പച്ചഛായയായി..പേമാരി താണ്ഡവമാടിയപ്പോള്‍ ചെമ്മണ്ണിന്‍റെ നിറവും..പിന്നെപ്പിന്നെ  അവളുടെ മടിത്തട്ടിലെ വെള്ളാരങ്കല്ലുകളുടെ സമ്പാദ്യം എണ്ണിത്തിട്ടപെടുത്താവുന്നത്ര ശുദ്ധയുമായി..ഒടുവില്‍ പേരറിയാത്ത സമതലഭൂവില്‍വച്ചു അവള്‍ ആയിരം കൈവഴികളായിപ്പിരിഞ്ഞു.ഞാനേതിനെ അനുഗമിക്കണം?ആലോചനകള്‍ക്കൊടുവില്‍ ബോധോദയമുണ്ടായി...”അവളുടെ ലക്‌ഷ്യം സാഗരമാണെന്നറിഞ്ഞിട്ടും എന്തേ ഞാനവളുടെ ഓളങ്ങളെ പിന്തുടര്‍ന്നു?”എന്‍റെ മറവിയെപറ്റി ചിന്തിച്ചപ്പോള്‍ മുഖത്തൊരു വിഡ്ഢിച്ചിരി വിടര്‍ന്നു..
പിന്നെ ഞാനവളുടെ ഉത്ഭവം തേടി തിരിച്ചു നടന്നു.കാതങ്ങള്‍പിന്നിട്ടു ഒരു ഗിരിശൃംഗത്തിലെത്തി..മേഘങ്ങളാകുന്ന ദ്വാരപാലകരെന്നെ തടഞ്ഞുനിര്‍ത്തി...അവരെ വെട്ടിച്ചു കടന്നാലും അവളെ പിന്തുടരാന്‍ ആകാശത്തില്‍ ചവിട്ടുപടികളില്ലല്ലോ...അങ്ങനെ എന്‍റെ യാത്രയ്ക്കു താത്കാലികമായ ഒരു വിരാമമമായി..
അവിടെയുള്ള  ഒരു വലിയ പാറയിലിരുന്നു ഞാനവളെപ്പറ്റി ചിന്തിച്ചു... ഗഗനജാതയെപ്പറ്റി... എന്‍റെ വഴികളെപ്പറ്റിയും..ആ ഏകാന്തത നല്‍കിയ തപശക്തിയില്‍ എനിക്കു വീണ്ടും ബോധോദയമുണ്ടായി..”ഈ മനുഷ്യനദികളെല്ലാം അവരുടെ ലക്ഷ്യങ്ങളിലേക്ക് കൂലംകുത്തിച്ചൊഴുകുമ്പോള്‍ ഞാന്‍ മാത്രമെന്തേ സന്ന്യാസിയെപ്പോലെ...പാത മറന്ന പാന്ഥനെപ്പോല്ലെ...ചിന്താമഗ്നനായിരിക്കുന്നു?
അവസാനം ഞാനും അവളെപ്പോലെ സ്വന്തം ലക്ഷ്യങ്ങള്‍ തേടി ഒഴുകുവാന്‍ നിശ്ചയിച്ചു.. അങ്ങനെ മറ്റൊരു നദി കൂടെ ഇവിടെ ജനിച്ചു...